ആധികാരിക ക്രിസ്ത്യാനിത്വം
വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞാന്‍ ഒരു ക്രിസ്തീയ സംഘടനയില്‍ ഒരു തസ്തികയിലേക്ക് അപേക്ഷിക്കുകയും മദ്യം, പുകവലി, ചിലതരം വിനോദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ഒരു പട്ടിക അവര്‍ എനിക്കു നല്‍കുകയും ചെയ്തു. ''ഞങ്ങളുടെ ജീവനക്കാരില്‍ നിന്ന് ക്രിസ്തീയ പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു വിശദീകരണം. എനിക്ക് ഈ ലിസ്റ്റുമായി യോജിക്കാന്‍ കഴിയുമായിരുന്നു, കാരണം എന്റെ വിശ്വാസവുമായി പൊരുത്തപ്പെടാത്തവയായിരുന്നു അവയെല്ലാം. പക്ഷേ, എന്നിലെ താര്ക്കികന് ചിന്തിച്ചു, എന്തുകൊണ്ട് അവര്‍ക്ക് ധാര്‍ഷ്ട്യം, വിവേകശൂന്യത, പാരുഷ്യം, ആത്മീയ നിസ്സംഗത, വിധിക്കല്‍ എന്നിവയെക്കുറിച്ച് ഒരു പട്ടികയില്ല? ഇവയൊന്നും ഇവിടെ സൂചിപ്പിച്ചിട്ടില്ല.
യേശുവിനെ അനുഗമിക്കുന്നത് നിയമങ്ങളുടെ ഒരു പട്ടികയാല്‍ നിര്‍വചിക്കാനാവില്ല. ഇത് അളവുകൊണ്ടു കണക്കാക്കാന്‍ പ്രയാസമുള്ളതും എന്നാല്‍ ''മനോഹരം'' എന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു സൂക്ഷ്മ ജീവിത നിലവാരമാണ്.
മത്തായി 5:3-10 ലെ ഭാഗ്യാവസ്ഥകള്‍ ആ സൗന്ദര്യത്തെ സംഗ്രഹിക്കുന്നു: യേശുവിന്റെ ആത്മാവ് ഉള്ളില്‍ വസിക്കുകയും ആത്മാവിലാശ്രയിക്കുകയും ചെയ്യുന്നവര്‍ താഴ്മയുള്ളവരും സ്വയം പുകഴ്ത്താത്തവരുമാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അവരെ വല്ലാതെ സ്പര്‍ശിക്കുന്നു. അവര്‍ സൗമ്യരും ദയയുള്ളവരുമാണ്. തങ്ങളിലും മറ്റുള്ളവരിലും നന്മ കാണാന്‍ അവര്‍ കൊതിക്കുന്നു. പോരാടി പരാജയപ്പെടുന്നവരോട് അവര്‍ കരുണയുള്ളവരാണ്. യേശുവിനോടുള്ള സ്നേഹത്തില്‍ അവര്‍ ദൃഢമനസ്സുള്ളവരാണ്. അവര്‍ സമാധാനകാംക്ഷികളും സമാധാനത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകുന്നവരുമാണ്. അവരെ ദുരുപയോഗം ചെയ്യുന്നവരോട് അവര്‍ ദയ കാണിക്കുകയും തിന്മയ്ക്കു നന്മ പകരം ചെയ്യുകയും ചെയ്യുന്നു. അവര്‍ ഭാഗ്യവാന്മാരാണ്, ആഴമേറിയ അര്‍ത്ഥത്തില്‍ ''സന്തോഷം'' എന്നയര്‍ത്ഥമാണ് ആ വാക്കിന്.
ഇത്തരത്തിലുള്ള ജീവിതം മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും യേശുവിന്റെ അടുത്തു വന്ന് അവിടുത്തോട് ആവശ്യപ്പെടുന്നവര്‍ക്കു ലഭിക്കുന്നതുമാണ്.
ദൈവിക ശക്തിയുടെ പ്രദര്‍ശനം
അതൊരു മിന്നല്‍ കൊടുങ്കാറ്റായിരുന്നു, ഞാനും ആറുവയസ്സുള്ള മകളും ചില്ലുവാതിലിലൂടെ മിന്നലിന്റെ പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ''കൊള്ളാം! ദൈവം എത്ര വലിയവനാണ്'' എന്നവള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എനിക്കും അങ്ങനെ തോന്നി. ഞങ്ങള്‍ എത്ര ചെറുതാണെന്നും ദൈവം എത്ര ശക്തനാണെന്നും ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വ്യക്തമായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ വരികള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു, ''വെളിച്ചം പിരിഞ്ഞു പോകുന്നതും കിഴക്കന്‍കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏത്?'' (ഇയ്യോബ് 38:24)
ഇയ്യോബിനെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടായിരുന്നു (വാ. 34-41). അവന്റെ ജീവിതം തകര്‍ന്നുപോയി. അവന്റെ മക്കള്‍ മരിച്ചു. അവന് തകര്‍ന്നു. അവന് രോഗിയായി. അവന്റെ സുഹൃത്തുക്കള്‍ ഒരു സഹാനുഭൂതിയും കാട്ടിയില്ല. വിശ്വാസം ഉപേക്ഷിക്കാന്‍ ഭാര്യ അവനെ ഉത്സാഹിപ്പിച്ചു (2:9). ഒടുവില്‍, ഇയ്യോബ് ദൈവത്തോട് ചോദിച്ചു, ''എന്തുകൊണ്ട്?'' (അ. 24). ദൈവം ഒരു കൊടുങ്കാറ്റില്‍ നിന്നുകൊണ്ടു പ്രതികരിച്ചു (അ. 38).
ലോകത്തിന്റെ ഭൗതിക ഘടകങ്ങളുടെമേലുള്ള തന്റെ നിയന്ത്രണത്തെക്കുറിച്ചു ദൈവം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചു (അ. 38). അതവനെ ആശ്വസിപ്പിച്ചു, ''ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല്‍ നിന്നെ കാണുന്നു'' (42:5) എന്നവന് പ്രതികരിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ''ദൈവമേ! അങ്ങ് എന്റെ പെട്ടിയില്‍ ഒതുങ്ങുകയില്ലെന്ന് ഞാന്‍ കാണുന്നു'' എന്നാണ് ഇയ്യോബ് പറഞ്ഞത്.
ജീവിതം തകര്‍ന്നടിയുമ്പോള്‍, ചിലപ്പോള്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആശ്വാസകരമായ കാര്യം, തറയില്‍ കിടന്ന് മിന്നലിനെ വീക്ഷിക്കുക എന്നതാണ്. ലോകത്തെ സൃഷ്ടിച്ച ദൈവം നമ്മെയും പരിപാലിക്കാന്‍ തക്കവണ്ണം വലിയവനും സ്നേഹസമ്പന്നനും ആണെന്ന് ഇതു നമ്മെ ഓര്‍മ്മിപ്പിക്കും. നമ്മുടെ ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും കുറിച്ചു പറയുന്ന പ്രിയപ്പെട്ട ആരാധനാ ഗാനങ്ങള്‍ ആലപിക്കാന്‍ പോലും നാം ആരംഭിച്ചേക്കാം.
ഉറപ്പായ വിസമ്മതം
രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസികള്‍ ഫ്രാന്‍സ് ജയ്ഗെര്‍സ്റ്റെയ്റ്ററെ തിരഞ്ഞെടുത്തപ്പോള്‍, അദ്ദേഹം അടിസ്ഥാന സൈനിക പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും അഡോള്‍ഫ് ഹിറ്റ്ലറിനോടു വ്യക്തിപരമായ കൂറു പ്രഖ്യാപിക്കുന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചു. അധികാരികള്‍ ഫ്രാന്‍സിനെ തന്റെ ഫാമിലേക്കു മടങ്ങാന്‍ അനുവദിച്ചെങ്കിലും പിന്നീട് അവര്‍ അദ്ദേഹത്തെ ഡ്യൂട്ടിക്കു വിളിപ്പിച്ചു. നാസി പ്രത്യയശാസ്ത്രത്തെ അടുത്തറിയുകയും യെഹൂദ വംശഹത്യയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്ത ശേഷം, ജയ്ഗെര്‍സ്റ്റെയ്റ്റര്‍, ദൈവത്തോടുള്ള തന്റെ വിശ്വസ്തത, നാസികള്‍ക്കുവേണ്ടി ഒരിക്കലും പോരാടാന്‍ അനുവദിക്കുന്നില്ലെന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു വധശിക്ഷയ്ക്കു വിധിച്ചു. ഭാര്യയും മൂന്നു പെണ്മക്കളും അനാഥരായി.
വര്‍ഷങ്ങളായി, യേശുവിലുള്ള അനേകം വിശ്വാസികള്‍ - മരണഭീഷണിയുടെ നടുവിലും - ദൈവത്തോട് അനുസരണക്കേടു കാണിക്കാന്‍ കല്പിക്കുമ്പോള് ഉറച്ച വിസമ്മതം രേഖപ്പെടുത്താറുണ്ട്. അത്തരമൊരു കഥയാണ് ദാനീയേലിന്റേത്. ''മുപ്പതു ദിവസത്തേക്ക് രാജാവിനോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും'' (ദാനീയേല്‍ 6:12) എന്ന രാജകീയ വിളംബരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ദാനീയേല്‍ സുരക്ഷ നിരസിക്കുകയും വിശ്വസ്തത പാലിക്കുകയും ചെയ്തു. ''താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ച് സ്തോത്രം ചെയ്തു'' (വാ. 10). എന്തു വില കൊടുക്കേണ്ടി വന്നാലും പ്രവാചകന് ദൈവമുമ്പാകെ മാത്രമേ മുട്ടുകുത്തുകയുള്ളൂ.
ചിലപ്പോള്‍, നമ്മുടെ തിരഞ്ഞെടുപ്പ് വ്യക്തമാണ്. പൊതുവിലുള്ള അഭിപ്രായത്തോടു ചേര്ന്നുനില്ക്കാന് നമുക്കു ചുറ്റുമുള്ള എല്ലാവരും നമ്മോട് അഭ്യര്‍ത്ഥിച്ചാലും, നമ്മുടെ സ്വന്തം പ്രശസ്തി അല്ലെങ്കില്‍ ക്ഷേമം അപകടത്തിലാകുന്ന സാഹചര്യത്തിലും നാം ദൈവത്തോടുള്ള അനുസരണത്തില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ചില സമയങ്ങളില്‍, വലിയ വില കൊടുത്തും നമുക്കു വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് ഒരു ഉറച്ച വിസമ്മതമാണ്.
ദൈവത്തിന്റെ പുനഃസ്ഥാപന വഴികള്‍
ഇംഗ്ലീഷ് സംഗീത ആല്‍ബമായ ദി ഗ്രേറ്റസ്റ്റ് ഷോമാനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഗാനങ്ങളിലൊന്ന് ആലപിക്കപ്പെട്ടത്, താന്‍ കുടുംബത്തെയും സുഹൃത്തുക്കളെയും മുറിപ്പെടുത്തി എന്നു പ്രധാന കഥാപാത്രം വേദനാപൂര്‍വ്വം മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ്. തിരികെ വീട്ടിലേക്കു വന്ന്, നമുക്കു ലഭ്യമായതെല്ലാം ആവശ്യത്തിലധികമാണെന്നു കണ്ടെത്തുന്നതിന്റെ സന്തോഷമാണ് ഗാനം ആഘോഷിക്കുന്നത്.
ഹോശേയയുടെ പുസ്തകം സമാനമായ സ്വരത്തിലാണ് അവസാനിക്കുന്നത് - ദൈവം തന്നിലേക്കു മടങ്ങിവരുന്നവര്‍ക്കു നല്കുന്ന പുനഃസ്ഥാപനത്തിലുള്ള നിര്‍ന്നിമേഷമായ സന്തോഷവും നന്ദിയും. ദൈവവും തന്റെ ജനവും തമ്മിലുള്ള ബന്ധത്തെ അവിശ്വസ്ത പങ്കാളിയുമായുള്ള പ്രവാചകന്റെ ബന്ധത്തോടു താരതമ്യപ്പെടുത്തുന്ന പുസ്തകത്തിന്റെ ഭൂരിഭാഗവും, തന്നെ സ്നേഹിക്കുന്നതിലും തനിക്കുവേണ്ടി ജീവിക്കുന്നതിലുമുള്ള യിസ്രായേലിന്റെ പരാജയത്തെ ഓര്‍ത്തു ദുഃഖിക്കുന്ന ദൈവത്തെ അവതരിപ്പിക്കുന്നു.
എന്നാല്‍ 14-ാം അധ്യായത്തില്‍, തങ്ങള്‍ ദൈവത്തെ ഉപേക്ഷിച്ചുകളഞ്ഞ വഴികളെക്കുറിച്ചു ഹൃദയം തകര്‍ന്നു മടങ്ങിവരുന്നവര്‍ക്കായി സൗജന്യമായി ലഭ്യമാകുന്ന ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹം, കൃപ, പുനഃസ്ഥാപനം എന്നിവയുടെ വാഗ്ദത്തം ഹോശേയ ഉയര്‍ത്തിക്കാണിക്കുന്നു (വാ. 1-3). ''ഞാന്‍ അവരുടെ പിന്മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; ... ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും'' (വാ. 4). നന്നാക്കാന്‍ കഴിയാതെവണ്ണം തകര്‍ന്നതായി തോന്നിയത്, ഒരിക്കല്‍ കൂടി സമ്പൂര്‍ണ്ണതയും സമൃദ്ധിയും കണ്ടെത്തും, കാരണം ദൈവകൃപ, മഞ്ഞുപോലെ, തന്റെ ജനത്തെ ''തളിര്‍ക്കുവാന്‍'' സഹായിക്കുകയും അവര്‍ ''ധാന്യം വിളയിക്കുകയും'' ചെയ്യും (വാ. 5-7).
നാം മറ്റുള്ളവരെ വേദനിപ്പിക്കുമ്പോഴോ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നന്മയെ നിസ്സാരമായി കാണുമ്പോഴോ, നമുക്കു ലഭിച്ച നല്ല ദാനങ്ങളെ നാം എന്നെന്നേക്കുമായി നശിപ്പിച്ചുവെന്നു കരുതുക എളുപ്പമാണ്. എന്നാല്‍ നാം താഴ്മയോടെ ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, അവിടുത്തെ സ്നേഹം എല്ലായ്പ്പോഴും നമ്മെ ആലിംഗനം ചെയ്യുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നമ്മിലേക്കെത്തുന്നു.
മുന്‍വിധിയും ക്ഷമയും
അനീതി തിരുത്തുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം കേട്ട ശേഷം, ഒരു സഭാംഗം കരഞ്ഞുകൊണ്ടു പാസ്റ്ററെ സമീപിച്ചു, ക്ഷമ ചോദിക്കുകയും, തന്റെ മുന്‍വിധിയെത്തുടര്‍ന്ന് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ശുശ്രൂഷകനെ തങ്ങളുടെ സഭയുടെ പാസ്റ്ററായി വിളിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തില്ലെന്നു സമ്മതിക്കുകയും ചെയ്തു. ''താങ്കള്‍ എന്നോടു ദയവായി ക്ഷമിക്കണം. മുന്‍വിധിയുടെയും ജാതീയതയുടെയും ചപ്പുചവറുകള്‍ എന്റെ കുട്ടികളുടെ ജീവിതത്തിലേക്കു വ്യാപിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ താങ്കള്‍ക്കു വോട്ടു ചെയ്തിട്ടില്ല, ഞാന്‍ ചെയ്തതു തെറ്റാണ്.'' അദ്ദേഹത്തിന്റെ കണ്ണുനീരും കുറ്റസമ്മതവും ശുശ്രൂഷകനെയും കണ്ണീരണിയിക്കുകയും അദ്ദേഹം ക്ഷമിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം, ദൈവം തന്റെ ഹൃദയത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചുള്ള ആ മനുഷ്യന്റെ സാക്ഷ്യം കേട്ടപ്പോള്‍ സഭ മുഴുവന്‍ സന്തോഷിച്ചു.
യേശുവിന്റെ ശിഷ്യനും ആദ്യകാല സഭയിലെ ഒരു പ്രധാന നേതാവുമായിരുന്ന പത്രൊസിനെപ്പോലും തിരുത്തേണ്ടിവന്നത് യെഹൂദേതര ജനതയെക്കുറിച്ചുള്ള തെറ്റായ ധാരണകളായിരുന്നു. വിജാതീയരോടൊപ്പം ഭക്ഷണം കഴിക്കുന്നതും (അശുദ്ധരെന്നു കരുതപ്പെട്ടിരുന്നവര്‍) സാമൂഹികവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു. പത്രൊസ് പറഞ്ഞു, ''അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ'' (പ്രവൃ. 10:28). ''ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുത്'' എന്നവനെ ബോധ്യപ്പെടുത്താന്‍ (വാ. 28) ദൈവത്തിന്റെ അമാനുഷിക പ്രവര്‍ത്തനം വേണ്ടിവന്നു (വാ. 9-23).
തിരുവെഴുത്തുകളുടെ പ്രസംഗം, ആത്മാവിന്റെ ബോധ്യപ്പെടുത്തല്‍, ജീവിതാനുഭവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ദൈവം മനുഷ്യഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ''ദൈവത്തിനു മുഖപക്ഷമില്ല'' (വാ. 34) എന്നു മനസ്സിലാക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.